NRI
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ സാർവത്രിക സഭാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിട്ട് ഇന്ന് ഒരു വർഷം. കഴിഞ്ഞ വർഷം മേയ് ഏഴിനാണ് പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനായി വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ കോൺക്ലേവ് ആരംഭിച്ചത്.
കോൺക്ലേവിന്റെ രണ്ടാം ദിവസം അമേരിക്കക്കാരനായ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് വി. പത്രോസിന്റെ 267-ാമത് പിന്ഗാമിയായി തെരഞ്ഞെടുക്കപ്പെടുകയും ലെയോ പതിനാലാമൻ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
മേയ് 18നാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ലോകനേതാക്കളും മൂന്നു ലക്ഷത്തിലേറെ വരുന്ന വിശ്വാസികളും പങ്കെടുത്ത ആഘോഷമായ വിശുദ്ധ കുർബാനയോടെ ഔദ്യോഗികമായി ചുമതലയേറ്റത്.
International
വത്തിക്കാൻ സിറ്റി: അയൽക്കാരനോടുള്ള സ്നേഹം ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിന്റെ ആധികാരികതയുടെ വ്യക്തമായ തെളിവാണെന്നു ലെയോ പതിനാലാമൻ മാർപാപ്പ. അയൽക്കാരനെ ആധികാരികമായി സ്നേഹിക്കുന്നവർ ദൈവവുമായിട്ടാണ് കൂടിക്കാഴ്ച നടത്തുന്നതെന്നും മാർപാപ്പ പറഞ്ഞു.
അമേരിക്കയിലെ കത്തോലിക്കാസഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള ഡയറക്ടർ ബോർഡ് അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. ജീവകാരുണ്യ പ്രവർത്തനം വിഷമകരമായ ഒന്നാണെങ്കിലും ക്രൈസ്തവ ജീവിതത്തിലെ അവിഭാജ്യ ഘടകമാണ്.
അപ്പസ്തോലന്മാരുടെയും ആദിമസഭയുടെയും കാര്യത്തിലെന്നപോലെ, ദരിദ്രരെയും ഏറ്റവും ആവശ്യമുള്ളവരെയും പരിപാലിക്കുന്നതിലൂടെ സുവിശേഷത്തിന്റെ പ്രഘോഷണം വ്യക്തിപരവും സ്ഥാപനപരവുമായ തലങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുക സ്വാഭാവികമാണ്.
എന്നാൽ നിരുത്സാഹപ്പെടാതെ ഇത്തരത്തിലുള്ള സേവനം ആധികാരിക ക്രിസ്തീയ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് മറ്റുള്ളവർക്ക് കാട്ടിക്കൊടുക്കണം. ഇന്നത്തെ കാലഘട്ടത്തിൽ ജീവകാരുണ്യ പ്രവൃത്തികൾ ചെയ്യുമ്പോൾ വിവിധ വെല്ലുവിളികൾ നേരിടേണ്ടിവരുന്നുണ്ട്.
ഇത്തരം പ്രതിബന്ധങ്ങളെ നാം അഭിമുഖീകരിക്കുമ്പോഴാണ് "ഞാൻ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്' എന്ന ഈശോമിശിഹായുടെ ശബ്ദം കേൾക്കാൻ നാം പഠിക്കേണ്ടതെന്നും മാർപാപ്പ പറഞ്ഞു.
നിരാശയുടെയും സംശയത്തിന്റെയും നിമിഷങ്ങളിൽ ഇന്നും ഈശോമിശിഹാ നമ്മുടെ ചാരത്തേക്ക് കടന്നുവരുന്നുണ്ടെന്നു പറഞ്ഞ മാർപാപ്പ, കർത്താവിന്റെ കരുണയുടെ ശുശ്രൂഷ ഏറ്റവും താഴ്ന്നവരിലേക്ക് കൊണ്ടുപോകാനുള്ള ജീവകാരുണ്യപ്രവർത്തകരുടെ സന്നദ്ധതയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
Leader Page
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ നാലു രാജ്യങ്ങളിലായി പതിനൊന്നു ദിവസം നീണ്ട ലെയോ പതിനാലാമൻ മാർപാപ്പയുടെ അജപാലനയാത്ര ശ്രദ്ധേയമായത് അദ്ദേഹത്തിന്റെ സുവ്യക്തമായ വാക്കുകൾകൊണ്ടാണ്. രാഷ്ട്രീയ നേതാക്കൾക്കുള്ള കൃത്യമായ സന്ദേശമാണ് അദ്ദേഹം നല്കിയത്. കർക്കശമായ വിമർശനം ഉന്നയിച്ച്, അഴിമതിക്കാരും ഏകാധിപതികളുമായ രാഷ്ട്രനേതാക്കന്മാരുടെ അധികാര ഗർവിനെയും ജനാധിപത്യ ധ്വംസനത്തെയും അദ്ദേഹം ചോദ്യംചെയ്തു.
മാർപാപ്പമാരുടെ സന്ദർശനങ്ങളിൽ പാലിച്ചുപോരുന്ന പൊതുവായ ഒരു ക്രമമുണ്ട്. വിമാനത്താവളത്തിൽതന്നെ ഒരു സ്വീകരണച്ചടങ്ങുണ്ടാകും. തുടർന്ന് ഭരണത്തലവന്റെ ആസ്ഥാനത്തുവച്ച് ചെറിയൊരു കൂടിക്കാഴ്ച. അതിൽ മറ്റാരുംതന്നെ പങ്കെടുക്കാറില്ല. ആതിഥേയന് തന്റെ സ്വീകാര്യതയും ഒപ്പം രാജ്യത്തിന്റെ ഊഷ്മളതയും പ്രകടിപ്പിക്കാനുള്ള അവസരമാണിത്. ഇപ്രാവശ്യം മാർപാപ്പ നാലു രാജ്യങ്ങളാണു സന്ദർശിച്ചത്. ആദ്യ കൂടിക്കാഴ്ചയ്ക്കുശേഷം മാർപാപ്പ നടത്തിയ പ്രസംഗങ്ങളിൽ അവിടങ്ങളിലെ ഭരണാധികാരികൾക്ക് അഹിതമായ കാര്യങ്ങളും ഉണ്ടായിരുന്നു എന്നതാണ് വാസ്തവം.
അൾജീരിയയിൽവച്ച് അദ്ദേഹം പറഞ്ഞത്, ഭരണാധികാരികൾ ജനങ്ങളുടെമേൽ അധികാരം പ്രയോഗിക്കാനല്ല, പകരം പൗരസഞ്ചയത്തിന്റെ സമഗ്ര വികസനത്തിനായി അധികാരം വിനിയോഗിക്കാനാണ് ശ്രമിക്കേണ്ടത് എന്നാണ്. കാമറൂണിൽ അദ്ദേഹം ഊന്നിപ്പറഞ്ഞത് അഴിമതി അവസാനിപ്പിക്കണം എന്ന കാര്യമാണ്. നീതിയും സമാധാനവും നടപ്പാകണമെങ്കിൽ അഴിമതിയുടെ ചങ്ങലകൾ പൊട്ടിച്ചെറിയണം. രാഷ്ട്രീയാധികാരികളെക്കുറിച്ച് പൗരജനങ്ങൾ നിരാശരായിത്തീരുന്ന അന്തരീക്ഷം. ലാഭക്കൊതി ഒരു വിഗ്രഹാരാധനയായി മാറിയതുപോലെ.
അംഗോളയും ഇക്വറ്റോറിയൽ ഗിനിയയുമാണ് മാർപാപ്പ പിന്നീട് സന്ദർശിച്ചത്. ഈ നാലു രാജ്യങ്ങളും നിരവധി ധാതുക്കളാൽ സന്പന്നമാണ്. മാത്രമല്ല, എണ്ണ, പ്രകൃതിവാതകം, രത്നങ്ങൾ, അപൂർവ ധാതുക്കൾ തുടങ്ങിയവയുമുണ്ട്. എന്നാൽ, രാജ്യത്തെ എല്ലാ പൗരന്മാർക്കും അവകാശപ്പെട്ട വരുമാനം രാഷ്ട്രീയാധികാരികളും അവരുടെ സിൽബന്ധികളും പങ്കിട്ടെടുക്കുന്നു. ബഹുഭൂരിപക്ഷം ജനങ്ങളും ദരിദ്രരായി തുടരുന്നു.
ട്രംപുമായുള്ള തർക്കം
യുദ്ധാവസാനത്തിനും സമാധാനസ്ഥാപനത്തിനുമായി മാർപാപ്പ യാത്രാരംഭത്തിൽതന്നെ നടത്തിയ ആഹ്വാനം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരിഹാസപൂർവം തള്ളിക്കളഞ്ഞത് ലോകം മുഴുവൻ കണ്ടതാണ്. ട്രംപ് ഭരണകൂടത്തെ താൻ ഭയക്കുന്നില്ലെന്നു പറഞ്ഞ മാർപാപ്പ, സുവിശേഷത്തിന്റെ സന്ദേശം ഉച്ചത്തിൽ പ്രഘോഷിക്കാൻ തനിക്കു ഭയമില്ലെന്നും പ്രസ്താവിച്ചു. ആഫ്രിക്കയിലെ ഏകാധിപതികളായ ഭരണാധികാരികൾക്ക് മാർപാപ്പ പറഞ്ഞ അപ്രിയ സത്യങ്ങൾ അഹിതകരമായിരുന്നതുപോലെതന്നെ ട്രംപിനും ഇഷ്ടപ്പെടാത്ത പ്രസ്താവന. എന്നാൽ, ലോക രാഷ്ട്രീയ ചിന്താലോകത്ത് മാർപാപ്പയുടെ പ്രസ്താവനകൾ അനുരണനങ്ങൾ സൃഷ്ടിച്ചു.
സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ
ലോകസമാധാനത്തിനുവേണ്ടിയുള്ള ശക്തമായ ആഹ്വാനമാണ് ലെയോ മാർപാപ്പ ആവർത്തിച്ചു നടത്തിയത്. ലോകത്തെ നശിപ്പിക്കുന്ന ‘ഏതാനും ഏകാധിപതികളെ’ക്കുറിച്ച് കാമറൂണിൽവച്ചു മാർപാപ്പ ശബ്ദമുയർത്തി. ഫ്രാൻസിസ് മാർപാപ്പയെപ്പോലെ സമൂഹത്തിലെ ദരിദ്രരും ദുർബലരും അരികുവത്കരിക്കപ്പെട്ടവരുമായി അദ്ദേഹവും ഐക്യദാർഢ്യം പ്രകടിപ്പിച്ചു. “സമാധാനം നിങ്ങളോടുകൂടെ’’എന്ന ആശംസയോടെയാണല്ലോ ലെയോ മാർപാപ്പ തന്റെ ആചാര്യ ശുശ്രൂഷ ആരംഭിച്ചതും. അത് സെന്റ് പീറ്റേഴ്സിന്റെ മട്ടുപ്പാവിൽനിന്നുള്ള ആശംസയായിരുന്നെങ്കിൽ വിശാല ലോകത്തിന്റെ വിവിധ നഗരങ്ങളിൽനിന്നായിരുന്നു ഈ തുടർ പ്രസ്താവനകൾ.
ആഫ്രിക്കൻ യാത്ര കഴിഞ്ഞു മടങ്ങുംവഴി വിമാനത്തിൽവച്ച് മാധ്യമപ്രവർത്തകരോടു സംസാരിച്ചപ്പോൾ കുടിയേറ്റത്തെപ്പറ്റി ലെയോ മാർപാപ്പ പറഞ്ഞ കാര്യങ്ങളും ലോകശ്രദ്ധ നേടി. ഓരോ രാജ്യത്തിനും അതിന്റെ അതിർത്തികൾ സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും ബാധ്യതയുണ്ടെന്ന് മാർപാപ്പ പ്രസ്താവിച്ചു. അനിയന്ത്രിതമായ കുടിയേറ്റം ഒരു രാജ്യത്തിനും താങ്ങാനാവില്ല. എന്നാൽ, കുടിയേറുന്നവരുടെ മനുഷ്യാവകാശങ്ങളും മാന്യതയും എല്ലായ്പോഴും സംരക്ഷിക്കപ്പെടണമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുകയും ചെയ്തു.
മതസൗഹാർദം
ഇസ്ലാം ഭൂരിപക്ഷ രാജ്യമായ അൾജീരിയയിൽ ഇസ്ലാം - ക്രൈസ്തവ സഹവർത്തിത്വം ലെയോ മാർപാപ്പ പരാമർശിക്കുകയുണ്ടായി. അൾജിയേഴ്സിലെ വലിയ മോസ്ക് മാർപാപ്പ സന്ദർശിച്ചു. “നമ്മുടെ മതങ്ങളും വിശ്വാസവുമൊക്കെ വ്യത്യസ്തമാണെങ്കിലും നമുക്കു സമാധാനത്തിൽ ജീവിക്കാം’’ എന്ന സന്ദേശമാണ് തന്റെ സന്ദർശനം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വിശുദ്ധ അഗസ്റ്റിനുമായി ബന്ധപ്പെട്ട അന്നാബയിലെ (ഹിപ്പോ) പ്രാചീന സ്മാരകങ്ങൾ മാർപാപ്പ സന്ദർശിച്ചു. ക്രൈസ്തവരോടൊപ്പം നിരവധി മുസ്ലിംകളും തീർഥാടനം നടത്തുന്ന സ്ഥലങ്ങളാണിവ. കാമറൂണിലെ വിഘടനവാദികൾ ഭീഷണി ഉയർത്തുന്ന ബമേന്ദ പട്ടണത്തിൽ ലെയോ മാർപാപ്പ നടത്തിയ ‘സമാധാന സമ്മേളനം’ ശ്രദ്ധേയമായിരുന്നു. ലോകമെങ്ങും യുദ്ധവും അശാന്തിയും വിതയ്ക്കുന്ന ഒരുപിടി ഏകാധിപതികളുടെ അതിക്രമങ്ങൾക്കെതിരേ മാർപാപ്പ ശബ്ദമുയർത്തി. കാമറൂണിന്റെ 93 കാരനായ പ്രസിഡന്റ് പോൾ ബിയായെ സന്ദർശിച്ച മാർപാപ്പ അഴിമതിയുടെ ശൃംഖല പൊട്ടിച്ചെറിയാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. അതുപോലെ സംശുദ്ധമായ നേതൃനിര ഉണ്ടാകണമെന്നും. എണ്ണ, പ്രകൃതിവാതകം, ഇരുന്പ് - സ്വർണ - രത്നനിക്ഷേപങ്ങൾ, അപൂർവലോഹങ്ങൾ എന്നിവ ധാരാളമുള്ള രാജ്യമാണെങ്കിലും അതിന്റെ ഗുണഫലങ്ങൾ ലഭിക്കുന്നത് വിദേശ കന്പനികൾക്കും നേതാക്കളുടെ സിൽബന്തികൾക്കുമാണ്.
അടിമത്തത്തിന്റെ ചരിത്രം പേറുന്ന അംഗോളയിൽ 58 ശതമാനം ജനങ്ങളും കത്തോലിക്കരാണ്. മാർപാപ്പ അംഗോളയിലെ പ്രധാന മരിയൻ തീർഥാടനകേന്ദ്രമായ മാമ മക്സിമ സന്ദർശിച്ചു പ്രാർഥിച്ചു. 27 വർഷം നീണ്ട ആഭ്യന്തരയുദ്ധത്തിന്റെ കെടുതികൾ ഇനിയും രാജ്യത്തുനിന്നു മാറിയിട്ടില്ല. നിക്ഷിപ്ത താത്പര്യങ്ങളിൽനിന്ന് രാഷ്ട്രനേതാക്കൾ സ്വതന്ത്രരാകണമെന്ന് മാർപാപ്പ ഉപദേശിച്ചു. സമൃദ്ധമായ എണ്ണ-ധാതുനിക്ഷേപമുള്ള രാജ്യത്തിൽ ഇപ്പോഴും അനവധി പേർ കൊടിയ ദാരിദ്ര്യത്തിലാണ്. ഇക്വറ്റോറിയൽ ഗിനിയയും ഒരു കത്തോലിക്കാ രാജ്യമാണ്. എന്നാൽ, 1982 മുതൽ പ്രസിഡന്റായി പ്രവർത്തിക്കുന്ന തെയ്ദോറോ ബസാഗോയുടെ ഭരണത്തിൽ അഴിമതി കൊടികുത്തി വാഴുകയാണ്. രാഷ്ട്രീയ എതിരാളികളും മാധ്യമ പ്രവർത്തകരും വിമർശകരുമൊക്കെ തടവിലാക്കപ്പെടുന്നു. എണ്ണ സമൃദ്ധമാണെങ്കിലും ദാരിദ്ര്യവും പട്ടിണിയുമാണ് പൗരന്മാരുടെ ഓഹരി. അധികാരക്കൊതിയും പണക്കൊതിയും രാജ്യത്തെ കോളനിവത്കരിച്ചിരിക്കുകയാണ്. ഒരു മാനസികാരോഗാശുപത്രിയും ജയിലും മാർപാപ്പ സന്ദർശിക്കുകയുണ്ടായി.
ശുഭപ്രതീക്ഷ
നാലു രാജ്യങ്ങളിലായി ലെയോ മാർപാപ്പ നടത്തിയ യാത്ര അജപാലന ദൗത്യത്തോടൊപ്പം സുവിശേഷ പ്രഘോഷണവും ഉൾച്ചേരുന്നതായിരുന്നു. സമാധാനവും നീതിയും ഓർമിപ്പിക്കാനും പ്രത്യാശ പങ്കുവയ്ക്കാനും അദ്ദേഹം ശ്രദ്ധിച്ചു. നിർഭയം സുവിശേഷം പ്രസംഗിക്കാനുള്ള തന്റെ ദൃഢനിശ്ചയവും അദ്ദേഹം പ്രഖ്യാപിച്ചു. ലൗകികാധികാരവും ധാർമികശക്തിയും തമ്മിലുള്ള ഏറ്റുമുട്ടൽ പോലെയാണ് ട്രംപിന്റെ പ്രസ്താവനയും മാർപാപ്പയുടെ പ്രതികരണവും മാധ്യമങ്ങൾ പങ്കുവച്ചത്. ധാർമികതയുടെമേൽ അധികാരത്തിനോ ആയുധങ്ങൾക്കോ മേൽക്കൈ നേടാനാകില്ല എന്ന പാഠമാണ് മാർപാപ്പ പഠിപ്പിച്ചത്. തന്റെ പ്രസ്താവനകൾക്ക് രാഷ്ട്രീയമാനമില്ലെന്ന് അദ്ദേഹംതന്നെ വ്യക്തമാക്കുകയുണ്ടായി. “നേതാക്കൾ വിഭജിക്കുകയല്ല, പാലങ്ങൾ പണിയുകയാണു വേണ്ടത്’’ എന്ന് മാർപാപ്പ പറഞ്ഞതിന് വ്യാഖ്യാനം ആവശ്യമില്ല. “തങ്ങൾ സുരക്ഷിതരാണെന്നും കേൾക്കപ്പെടുന്നുണ്ടെന്നും മാനിക്കപ്പെടുന്നുണ്ടെന്നും ആളുകൾക്ക് അനുഭവപ്പെടണം. മാത്രമല്ല, അധികാരം കൈയാളുന്നവരുടെ ഇഷ്ടാനിഷ്ടങ്ങളെ നിയമം നിയന്ത്രിക്കുകയും വേണം. അപ്പോഴാണ് യഥാർഥ സമാധാനം ഉണ്ടാകുന്നത്’’- മാർപാപ്പ പറഞ്ഞു. ലോകത്തിന് ഏറ്റവും ആവശ്യമായ ശുഭപ്രതീക്ഷ പ്രദാനം ചെയ്യാൻ മാർപാപ്പയുടെ ആഫ്രിക്കൻ പര്യടനം സഹായിച്ചു എന്നതിൽ സംശയമില്ല.
International
വത്തിക്കാൻ സിറ്റി: ആംഗ്ലിക്കൻ സഭയുടെ പ്രഥമ വനിതാ അധ്യക്ഷയും കാന്റർബറി ആർച്ച്ബിഷപ്പുമായ സാറാ മുല്ലലി വത്തിക്കാനിലെത്തി ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.
അപ്പസ്തൊലിക് കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം പരസ്പരം സമ്മാനങ്ങൾ കൈമാറിയ ഇരുവരും ഒരുമിച്ചു പ്രാർഥിച്ചു. അപ്പസ്തൊലിക് കൊട്ടാരത്തിൽ 17-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഉർബൻ എട്ടാമൻ ചാപ്പലിലാണ് ഇരുവരും ഒരുമിച്ചു പ്രാർഥിച്ചത്. കൂടിക്കാഴ്ചയ്ക്കുശേഷം ഇരുവരും ലോകസമാധാനത്തിനും യുദ്ധങ്ങൾ അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തു.
അഭിപ്രായവ്യത്യാസങ്ങൾ മറന്ന് ഇരു സഭാവിഭാഗങ്ങളും പരസ്പര ഐക്യത്തോടെയും സഹകരണത്തോടെയും മുന്നോട്ടുപോകണമെന്ന് കൂടിക്കാഴ്ചയിൽ ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. ക്രൈസ്തവർക്കിടയിലെ ഭിന്നതകൾ, ലോകത്തിന് ഈശോമിശിഹായുടെ സമാധാനം ഫലപ്രദമായി നൽകാനുള്ള നമ്മുടെ കഴിവിനെ ദുർബലപ്പെടുത്തുന്നുവെന്ന് മാർപാപ്പ ഓർമിപ്പിച്ചു. ലോകം നമ്മുടെ ആഹ്വാനങ്ങളെ ഹൃദയത്തിൽ സ്വീകരിക്കണമെങ്കിൽ സുവിശേഷ പ്രഘോഷണത്തിനു വിഘാതമാകുന്ന ഏതൊരു തടസവും നീക്കം ചെയ്യാൻ നാം പ്രാർഥനയിലും ശ്രമങ്ങളിലും ഒത്തൊരുമയുള്ളവരായിരിക്കണം.
വെല്ലുവിളികളും അഭിപ്രായവ്യത്യാസങ്ങളുമുണ്ടെങ്കിലും അതൊന്നും ക്രിസ്തുവിനെ ഒരുമിച്ച് ലോകത്തിനു മുന്നിൽ പ്രഘോഷിക്കാൻ നമ്മെ തടയാൻ അനുവദിക്കരുത്. വിശ്വാസത്തിലും കൂദാശാജീവിതത്തിലും സമ്പൂർണ കൂട്ടായ്മ പുനഃസ്ഥാപിക്കുന്നതിനായി കത്തോലിക്കാസഭയും ആംഗ്ലിക്കൻ സഭയും തമ്മിൽ പതിറ്റാണ്ടുകളായി തുടരുന്ന ദൈവശാസ്ത്ര സംഭാഷണങ്ങളെ അനുസ്മരിച്ച മാർപാപ്പ, സങ്കീർണതകൾക്കിടയിലും ഈ എക്യുമെനിക്കൽ യാത്ര ഫലം കണ്ടിട്ടുണ്ടെന്നും വ്യക്തമാക്കി.
ആർച്ച്ബിഷപ് മുല്ലലിയുടെ സന്ദർശനത്തിനു നന്ദി പറഞ്ഞ മാർപാപ്പ, ആംഗ്ലിക്കൻ സഭയും കത്തോലിക്കാ സഭയും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട് സൗഹൃദത്തിലും സംഭാഷണത്തിലും ഒരുമിച്ച് യാത്ര ചെയ്യുന്നത് തുടരട്ടെയെന്നും പ്രാർഥിച്ചു.
ഈസ്റ്റർ കാലത്ത് കാന്റർബറി ആർച്ച്ബിഷപ്പിനെ സ്വീകരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം അറിയിച്ച മാർപാപ്പ, 60 വർഷം മുമ്പ് വിശുദ്ധ പോൾ ആറാമൻ മാർപാപ്പയും അന്നത്തെ കാന്റർബറി ആർച്ച്ബിഷപ് മൈക്കിൾ റാംസെയും തമ്മിൽ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയെ അനുസ്മരിച്ചു. റോമിലെ ആംഗ്ലിക്കൻ സെന്ററിന്റെ ശുശ്രൂഷയോടുള്ള നന്ദി അറിയിച്ച മാർപാപ്പ, വത്തിക്കാനിൽ കാന്റർബറി ആർച്ച്ബിഷപ്പിനെ പ്രതിനിധീകരിക്കുന്ന ബിഷപ് ആന്റണി ബോളിനെ അഭിവാദ്യം ചെയ്യുകയുമുണ്ടായി.
യുദ്ധത്തിനെതിരേ കടുത്ത നിലപാട് സ്വീകരിക്കുന്ന മാർപാപ്പയ്ക്ക് ആർച്ച്ബിഷപ് സാറാ മുല്ലലി പിന്തുണ അറിയിച്ചു. ലോകത്തിലെ നിരവധി അനീതികളെക്കുറിച്ച് അങ്ങ് ശക്തമായി സംസാരിക്കുന്നുവെന്നും പ്രത്യാശയെക്കുറിച്ച് അതിലും ശക്തമായി അങ്ങ് സംസാരിക്കുന്നുവെന്നും ലെയോ മാർപാപ്പയോട് സാറാ മുല്ലലി പറഞ്ഞു. ആഫ്രിക്കയിലേക്കുള്ള അങ്ങയുടെ തീർഥാടനം ജീവനും സന്തോഷവും നിറഞ്ഞതായിരുന്നു. ഈ സമയത്ത് ലോകത്തിന് ഈ സന്ദേശം ആവശ്യമായിരുന്നുവെന്നും സാറാ മുല്ലലി മാർപാപ്പയോടു പറഞ്ഞു.
International
വത്തിക്കാൻ സിറ്റി: ആണവോർജം ഉത്തരവാദിത്വത്തോടെ ഉപയോഗിക്കേണ്ടതുണ്ടെന്നും സമാധാനപരമായ ആവശ്യങ്ങൾക്കായിരിക്കണം അതിന്റെ ഉപയോഗമെന്നും ലെയോ പതിനാലാമൻ മാർപാപ്പ. ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രിസന്ധ്യാപ്രാർഥനയ്ക്കുശേഷം തീർഥാടകരെ അഭിസംബോധന ചെയ്യവേ ചെർണോബിൽ ആണവ ദുരന്തത്തിന്റെ 40-ാം വാർഷികദിനം അനുസ്മരിച്ചായിരുന്നു മാർപാപ്പയുടെ ആഹ്വാനം.
ചെർണോബിൽ ദുരന്തത്തിന്റെ ഇരകളെയും അതിന്റെ അനന്തരഫലങ്ങൾ ഇപ്പോഴും അനുഭവിക്കുന്ന എല്ലാവരെയും ദൈവത്തിന്റെ കാരുണ്യത്തിൽ ഭരമേൽപ്പിക്കുന്നതായി മാർപാപ്പ പറഞ്ഞു. ആണവോർജം സംബന്ധിച്ച് വിവേചനബുദ്ധിയോടെയും ഉത്തരവാദിത്വത്തോടെയും തീരുമാനങ്ങളെടുക്കാനും നടപ്പിലാക്കാനും കഴിയണം. അങ്ങനെ ആണവോർജത്തിന്റെ ഓരോ ഉപയോഗവും ജീവിതത്തിന്റെയും സമാധാനത്തിന്റെയും സേവനത്തിനായിരിക്കട്ടേയെന്ന് ഞാൻ ആഗ്രഹിക്കുന്നു-മാർപാപ്പ പറഞ്ഞു.
കള്ളന്മാർ നിങ്ങളുടെ സന്തോഷവും സമാധാനവും കവർന്നെടുക്കാൻ അനുവദിക്കരുതെന്നു വ്യക്തമാക്കിയ മാർപാപ്പ, വർധിച്ചുവരുന്ന ശക്തമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിന്റെ അപകടസാധ്യതകളും മുന്നിൽക്കാണണമെന്നും ഓർമിപ്പിച്ചു.
സാർവത്രിക സഭ ദൈവവിളികൾക്കായുള്ള പ്രാർഥനാദിനം ആചരിച്ച ഇന്നലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധകുർബാന മധ്യേ ലെയോ പതിനാലാമൻ മാർപാപ്പ കൈവയ്പ് ശുശ്രൂഷയിലൂടെ പത്തു ഡീക്കന്മാർക്കു പൗരോഹിത്യം നൽകി.
പൗരോഹിത്യം കൂട്ടായ്മയുടെ ശുശ്രൂഷയാണെന്നും ഈശോമിശിഹായുമായുള്ള അടുത്ത ബന്ധം വൈദികരെ മറ്റുള്ളവരിൽനിന്ന് അകറ്റുന്നില്ല മറിച്ച് എല്ലാ ആളുകളുമായുള്ള അവരുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നുവെന്നും മാർപാപ്പ വ്യക്തമാക്കി. കഷ്ടപ്പെടുന്ന മനുഷ്യവർഗത്തിന്റെ ദാസന്മാരായി തങ്ങളെത്തന്നെ കാണാൻ നവവൈദികരോട് അഭ്യർഥിച്ച മാർപാപ്പ, ഐക്യം വളർത്തിയെടുക്കാൻ ശ്രമിക്കണമെന്നും വിശ്വാസത്തിലേക്ക് അടുക്കാൻ ശ്രമിക്കുന്നവരുടെ വഴിയിൽ തടസങ്ങൾ സൃഷ്ടിക്കരുതെന്നും ഓർമിപ്പിച്ചു.
NRI
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ 11 ദിവസം നീണ്ടുനിന്ന പ്രഥമ ആഫ്രിക്കൻ പര്യടനം സമാപിച്ചു. സമാധാനത്തിന്റെയും മാനവികതയുടെയും സന്ദേശവുമായി ഈ മാസം 13ന് ആരംഭിച്ച യാത്രയിൽ നാല് ആഫ്രിക്കൻ രാജ്യങ്ങളിലാണ് മാർപാപ്പ സന്ദർശനം നടത്തിയത്.
യുദ്ധം തകർത്ത മേഖലകളിലെ ജനങ്ങളെ ആശ്വസിപ്പിക്കാനും ദാരിദ്ര്യത്തിനും അഴിമതിക്കുമെതിരേ പോരാടാൻ ഭരണാധികാരികളെ ആഹ്വാനം ചെയ്യാനും സന്ദർശനവേളയിൽ മാർപാപ്പ സമയം കണ്ടെത്തി.
വിവിധ രാജ്യങ്ങളിൽ നടന്ന വിശുദ്ധ കുർബാനകളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുത്ത അദ്ദേഹം, ആഫ്രിക്കയുടെ ഭാവി യുവാക്കളുടെ കൈകളിലാണെന്നും അവർക്ക് മികച്ച അവസരങ്ങൾ ഒരുക്കണമെന്നും ഓർമിപ്പിച്ചു.
ആഫ്രിക്കൻ ജനതയുടെ ജീവിതസാഹചര്യങ്ങൾ അടുത്തറിയുന്നതിനും സംഘർഷഭരിതമായ മേഖലകളിൽ സമാധാനം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു മാർപാപ്പയുടെ ഈ യാത്ര.
അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങളിൽ നടന്ന പരിപാടികളിൽ ലക്ഷക്കണക്കിന് വിശ്വാസികളാണ് മാർപാപ്പയെ നേരിൽ കാണാനായി എത്തിയത്.
ഓരോ രാജ്യത്തും ആവേശകരമായ സ്വീകരണമാണ് മാർപാപ്പയ്ക്ക് ലഭിച്ചത്. സന്ദർശനത്തിന്റെ ആദ്യ ഘട്ടത്തിൽ അൾജീരിയയിലെത്തിയ മാർപാപ്പ, അവിടെയുള്ള ക്രൈസ്തവ ന്യൂനപക്ഷങ്ങളുമായി സംവദിക്കുകയും മതസൗഹാർദത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.
സംഘർഷഭരിതമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കാമറൂണിൽ സമാധാനത്തിന്റെ അംബാസഡറായാണ് അദ്ദേഹം എത്തിയത്. അക്രമങ്ങൾ വെടിഞ്ഞ് ഐക്യത്തോടെ മുന്നേറാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
അംഗോളയിലെ ലുവാണ്ടയിൽ നടന്ന വൻ പൊതുസമ്മേളനത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വികസനത്തിന് അഴിമതിവിമുക്തമായ ഭരണകൂടങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
സന്ദർശനത്തിന്റെ അവസാന പാദത്തിൽ ഇക്വറ്റോറിയൽ ഗിനിയയിലെത്തിയ അദ്ദേഹം, ദരിദ്രരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും ചേർത്തുപിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് സംസാരിച്ചത്.
NRI
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ വത്തിക്കാനിൽ ഓശാന തിരുനാൾ ആഘോഷങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ തടിച്ചുകൂടിയ നാൽപ്പതിനായിരത്തിലധികം വിശ്വാസികളെ സാക്ഷിനിർത്തിയാണ് വിശുദ്ധ വാരത്തിന് തുടക്കം കുറിച്ചത്.
വിശുദ്ധ വാരത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് നടന്ന ചടങ്ങുകളിൽ മത്തായിയുടെ സുവിശേഷത്തിലെ പീഡാനുഭവ ചരിത്രം വിവിധ ഭാഷകളിൽ പാരായണം ചെയ്തു. ഇതിൽ ജർമൻ ഭാഷയിലുള്ള മധ്യസ്ഥ പ്രാർഥനയും ഉൾപ്പെട്ടിരുന്നു.
യേശുവിന്റെ അന്ത്യശ്വാസത്തെക്കുറിച്ചുള്ള ഭാഗം വായിച്ചപ്പോൾ വിശ്വാസികൾ മുട്ടുകുത്തി നിന്ന് അല്പസമയം മൗനമായി പ്രാർഥിച്ചു. സഭയുടെ സാർവത്രിക സ്വഭാവം വിളിച്ചോതുന്നതായിരുന്നു വിവിധ ഭാഷകളിൽ നടന്ന മധ്യസ്ഥ പ്രാർഥനകൾ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനമനുഭവിക്കുന്ന ക്രൈസ്തവർക്കും യുദ്ധക്കെടുതി അനുഭവിക്കുന്ന സാധാരണക്കാർക്കും വേണ്ടി പ്രത്യേക പ്രാർഥനകൾ നടന്നു. യുദ്ധവും അക്രമവും നിറഞ്ഞ ലോകത്ത് സമാധാനത്തിന്റെ രാജാവായി ക്രിസ്തുവിനെ നോക്കിക്കാണാൻ ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു.
ക്രിസ്തുവിന്റെ കുരിശുമരണത്തിലേക്കുള്ള യാത്ര നമുക്ക് കാണിച്ചുതരുന്നത് യഥാർഥ സമാധാനം അക്രമത്തെ തള്ളിക്കളയുന്നതിലൂടെ മാത്രമേ സാധ്യമാകൂ എന്നതാണെന്ന് മാർപാപ്പ ഓർമിപ്പിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിച്ചമർത്തപ്പെടുന്നവരുടെയും യുദ്ധത്തിന് ഇരയാകുന്നവരുടെയും നിലവിളി ക്രിസ്തുവിന്റെ കുരിശിലെ അവസാന നിലവിളിയിൽ മുഴങ്ങുന്നുണ്ടെന്നും മാർപാപ്പ ഓർമിപ്പിച്ചു.
മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമായി
വത്തിക്കാനിൽ നടന്ന ഓശാന തിരുക്കർ ങ്ങളിൽ ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും യൂറോപ്പിലെ മറ്റ് രാജ്യങ്ങളിൽ നിന്നുമായി എത്തിയ നൂറുകണക്കിന് മലയാളി തീർഥാടകരുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി.
കുരുത്തോലകൾ ഏന്തിയും പ്രാർഥനകൾ ചൊല്ലിയും മലയാളികൾ ഈ ഭക്തിനിർഭരമായ ചടങ്ങുകളിൽ സജീവമായി പങ്കെടുത്തു. റോമിലെ വിവിധ സെമിനാരികളിൽ പഠിക്കുന്ന മലയാളികളായ വൈദികരും സന്യാസിനികളും പാപ്പായുടെ കുർബാനയിൽ പങ്കുചേരാൻ എത്തിയിരുന്നു.
വത്തിക്കാനിലെ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളും ഈ വർഷത്തെ ആദ്യത്തെ ഓശാന തിരുക്കർമങ്ങളുടെ ഭാഗമായി.
International
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ അപ്പസ്തോലിക് കൊട്ടാരത്തിലെ ഔദ്യോഗിക പേപ്പൽ അപ്പാർട്ട്മെന്റിലേക്കു താമസം മാറി. സഭാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടശേഷം പത്തു മാസത്തോളം അദ്ദേഹം നേരത്തേ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽനിന്നു കഴിഞ്ഞ ശനിയാഴ്ചയാണു തന്റെ മുൻഗാമികൾ താമസിച്ചിരുന്ന പരമ്പരാഗത വസതിയിലേക്കു മാർപാപ്പ താമസം മാറിയത്.
ഞായറാഴ്ചതോറുമുള്ള ത്രികാല പ്രാർഥനയ്ക്കായി മാർപാപ്പ ജനാലയിലൂടെ നേതൃത്വംകൊടുക്കുന്ന സ്വകാര്യ പഠനമുറി, ഡൈനിംഗ് റൂം, വിശുദ്ധ കുർബാന അർപ്പിക്കുന്നതിനുള്ള സ്വകാര്യ ചാപ്പൽ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ ഈ അപ്പാർട്ട്മെന്റിലുണ്ട്.
മാർപാപ്പയോടൊപ്പം അദ്ദേഹത്തിന്റെ സെക്രട്ടറിമാരായ മോൺ. എഡ്ഗാർഡ് ഇവാൻ റിമായികുന ഇംഗ, ഫാ. മാർക്കോ ബില്ലേരി എന്നിവരും ഈ ഔദ്യോഗിക അപ്പാർട്ട്മെന്റിൽ താമസിക്കും.
2013ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനമൊഴിഞ്ഞശേഷം ദീർഘകാലം ആൾത്താമസമില്ലാതെ കിടന്നിരുന്ന ഈ വസതി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുശേഷമാണ് ഇപ്പോൾ ലെയോ പതിനാലാമനായി സജ്ജമാക്കിയത്.
മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പ തന്റെ ഭരണകാലയളവിൽ പരന്പരാഗത വസതിക്കു പകരം കാസ സാന്താ മാർത്തയിലെ അപ്പാർട്ട്മെന്റിൽ താമസിക്കാനായിരുന്നു താത്പര്യപ്പെട്ടിരുന്നത്. എന്നാൽ, ലെയോ പതിനാലാമൻ ഈ പതിവ് തിരുത്തുകയും അപ്പസ്തോലിക് കൊട്ടാരത്തിനൊപ്പം കസ്തേൽ ഗൊണ്ടോൾഫോയിലെ വേനൽക്കാല വസതിയിൽ താമസിക്കുന്ന പാരമ്പര്യം പുനരാരംഭിക്കുകയും ചെയ്തു.
NRI
വത്തിക്കാൻ സിറ്റി: റവ.ഡോ. ജോൺ പുതുവ തയാറാക്കിയ "Pope Leo XIV' എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രകാശനം വത്തിക്കാനിൽ നടക്കും.
ഈ മാസം 16, 17 തീയതികളിൽ വത്തിക്കാനിലെ അഗസ്റ്റിനിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തുന്ന രണ്ട് ദിവസത്തെ സെമിനാറിൽ വച്ചാണ് പ്രകാശനം നടക്കുന്നത്.
ജീവിതത്തിലെ അപൂർവ നിമിഷങ്ങളിൽ ഒന്നാണ് ഇതെന്നു സെമിനാറിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയിട്ടുള്ള റവ. ജോൺ പുതുവ പറഞ്ഞു.
ഓസ്ട്രേലിയയിലെ ഡാർവിൻ സെന്റ് അൽഫോൻസ പള്ളി വികാരിയാണ് റവ. ജോൺ പുതുവ.
International
ബെയ്റൂട്ട്: സമാധാനം എന്ന ലക്ഷ്യത്തിനുവേണ്ടി സമാധാനത്തിന്റെ പാതതന്നെ തെരഞ്ഞെടുക്കുക എന്ന സമാപനാഹ്വാനത്തോടെ ലെയോ പതിനാലാമൻ മാർപാപ്പ ആറു ദിവസം നീണ്ട തുർക്കി, ലബനൻ സന്ദർശനം അവസാനിപ്പിച്ചു റോമിലേക്കു മടങ്ങി. സാഹോദര്യത്തിന്റെയും സമാധാനത്തിനുവേണ്ടിയുള്ള സമർപ്പണത്തിന്റെയും ചൈതന്യത്തിലേക്ക് പശ്ചിമേഷ്യൻ ജനത കൂടുതൽ ഉൾച്ചേരണമെന്ന് അദ്ദേഹം പറഞ്ഞു.
സായുധസമരങ്ങൾ ഫലപ്രദമല്ല. ആയുധങ്ങൾ മാരകമാണ്. ചർച്ചയും മാധ്യസ്ഥ്യവും സംവാദവും സൃഷ്ടിപരമാണ്. ഇപ്പോൾ പരസ്പരം ശത്രുക്കളായി കാണുന്നവർപോലും ഈ പ്രക്രിയയിൽ പങ്കുചേരണം. റോമിലേക്കു തിരിക്കുന്നതിനു മുന്പ് ബെയ്റൂട്ടിലെ റഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിൽവച്ചു നടത്തിയ വിടവാങ്ങൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.
ലബനന്റെ ആധ്യാത്മിക പൈതൃകവും മതസൗഹൃദ പാരന്പര്യവും എടുത്തുപറഞ്ഞ മാർപാപ്പ ലബനീസ് ജനതയ്ക്ക് പരിശുദ്ധ മറിയത്തോടുള്ള ഭക്തിയെ പ്രശംസിച്ചു. ബെയ്റൂട്ട് സ്ഫോടനത്തിന്റെ മുഴുവൻ ആഘാതവും താങ്ങുന്ന രാജ്യത്തിന്റെ വേദന താൻകൂടി വഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വിശുദ്ധ ഷാർബലിന്റെ ശവകുടീരത്തിലേക്കു നടത്തിയ യാത്ര അദ്ദേഹം അനുസ്മരിച്ചു.ലബനന്റെ പൂർവകാല ചരിത്രം ഭാവിയിലേക്കുള്ള പ്രയാണത്തിൽ ഇന്ധനമാകുമെന്നു മാർപാപ്പ പറഞ്ഞു.
വടക്കൻ ബെയ്റൂട്ടിലെ ജാൽഎൽ ദീപിലെ ഹോളിക്രോസ് മാനസികരോഗാശുപത്രി സന്ദർശിച്ചുകൊണ്ടാണ് ലബനനിലെ അവസാന ദിവസം മാർപാപ്പ ആരംഭിച്ചത്.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഈ മാനസികരോഗാശുപത്രിയിൽ ഒരേസമയം 800 രോഗികളെയാണ് ചികിത്സിക്കുന്നത്. ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ദ ക്രോസ് എന്ന സന്യാസിനീസമൂഹമാണ് ഈ ആശുപത്രി നടത്തുന്നത്. രോഗീശുശ്രൂഷയിൽ വ്യാപൃതരായിരിക്കുന്ന സ്റ്റാഫംഗങ്ങളെ അഭിനന്ദിച്ച മാർപാപ്പ, ലോകത്തെ ഏറ്റവും ദരിദ്രരും ദുർബലരുമായ വ്യക്തികളെ സഹായിക്കാൻ എല്ലാ ക്രൈസ്തവരും ബാധ്യസ്ഥരാണെന്ന് ഓർമിപ്പിച്ചു.
2020 ഓഗസ്റ്റ് നാലിന് സ്ഫോടനം നടന്ന ബെയ്റൂട്ട് തുറമുഖത്ത് ഉറ്റവരെ നഷ്ടപ്പെട്ടവരോടൊപ്പം പ്രാർഥനയിൽ പങ്കെടുക്കാൻ മാർപാപ്പ എത്തിച്ചേർന്നപ്പോൾ വികാരനിർഭരമായ രംഗങ്ങളുണ്ടായി. മരിച്ചുപോയവരുടെ ചിത്രങ്ങളുമായാണ് പലരും എത്തിയത്. സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിക്കുകയും തിരി തെളിക്കുകയും പ്രാർഥിക്കുകയും ചെയ്ത മാർപാപ്പ, ബന്ധുമിത്രാദികളെ ആശ്വസിപ്പിക്കുകയും ചെയ്തു.
രാവിലെ പത്തരയ്ക്ക് ബെയ്റൂട്ട് വാട്ടർഫ്രണ്ടിൽ മാർപാപ്പയുടെ മുഖ്യ കാർമികത്വത്തിൽ ആരംഭിച്ച വിശുദ്ധ കുർബാനയിൽ ഒന്നര ലക്ഷത്തിലേറെ വിശ്വാസികൾ പങ്കെടുത്തു. കുർബാനയുടെ ആരംഭത്തിൽ, അന്ത്യോഖ്യയിലെ ഗ്രീക്ക് കത്തോലിക്കാ പാത്രിയർക്കീസ് യൂസഫ് അബ്സി ലബനനിലെ ബഹുഭൂരിപക്ഷം കത്തോലിക്കരും പൗരസ്ത്യ സഭാംഗങ്ങളാണെന്നു പറഞ്ഞു.
പൗരസ്ത്യ കത്തോലിക്കരോടുള്ള മാർപാപ്പയുടെ കരുതലിന് അദ്ദേഹം നന്ദി പറഞ്ഞു. തന്റെ സുവിശേഷ പ്രസംഗത്തിൽ അദ്ദേഹം, വിശുദ്ധഗ്രന്ഥങ്ങൾ പരാമർശിച്ചിട്ടുള്ള ലബനന്റെ സൗന്ദര്യം നിരവധി കാരണങ്ങളാൽ നഷ്ടപ്പെട്ടെന്നും എന്നാൽ, പുതിയൊരു ലബനൻ സാധ്യമാണെന്നും പ്രസ്താവിച്ചു. ""ലബനനേ ഉണരുക, നീതിയുടെയും സാഹോദര്യത്തിന്റെയും ഒരു ഭവനമായിത്തീരുക. പശ്ചിമേഷ്യ മുഴുവനുംവേണ്ടി സമാധാനത്തിന്റെ പ്രവാചക അടയാളമായിത്തീരുക’’-മാർപാപ്പ പറഞ്ഞു.
International
ബെയ്റൂട്ട്: ദൃഢനിശ്ചയവും സംവാദസന്നദ്ധതയും അനുരഞ്ജനമനോഭാവവും മുറുകെപ്പിടിച്ചുകൊണ്ട് പൊതുനന്മയ്ക്കു വേണ്ടി പുനരർപ്പണം ചെയ്യാൻ രാഷ്ട്രീയനേതാക്കളെ ഉദ്ബോധിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
"സമാധാന സ്ഥാപകർ അനുഗൃഹീതർ’ എന്ന തന്റെ യാത്രയുടെ പ്രമേയം ഓർമിപ്പിച്ചുകൊണ്ട്, ജീവനെ സംരക്ഷിക്കാനും സമാധാനം നിലനിർത്താനും ദൃഢനിശ്ചയവും പ്രത്യാശയും ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ അനിശ്ചിതത്വവും സാന്പത്തികത്തകർച്ചയും പ്രാദേശിക അസ്ഥിരതയുംമൂലം പ്രശ്നകലുഷിതമായ ലബനന് ദിശാബോധം നല്കുന്നതായി യാത്രയുടെ ഒന്നാം ദിവസം പ്രസിഡന്റിന്റെ കൊട്ടാരത്തിൽ രാഷ്ട്രീയ നേതാക്കളോട് അദ്ദേഹം നല്കിയ ആഹ്വാനം.
ഞായറാഴ്ച വൈകുന്നേരംതന്നെ മാർപാപ്പ കർമലീത്ത സഹോദരിമാരുടെ മഠം സന്ദർശിക്കുകയും സന്യാസ ദൈവവിളിയുടെ മൂന്ന് അടിസ്ഥാനാശയങ്ങളായ എളിമ, പ്രാർഥന, പരിത്യാഗം എന്നിവയെപ്പറ്റി ഓർമിപ്പിക്കുകയും ചെയ്തു.
ലബനൻ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ലെയോ മാർപാപ്പ വിശുദ്ധ മാറോണിന്റെ അന്നായയിലെ ആശ്രമത്തിലെത്തി വിശുദ്ധ ഷാർബൽ മക്ലൂഫിന്റെ ശവകുടീരത്തിൽ പ്രാർഥിച്ചു. അതിരാവിലെ മുതൽ അനേകമാളുകൾ വഴിക്ക് ഇരുവശത്തും മാർപാപ്പയെ കാണാൻ കാത്തുനിന്നിരുന്നു. ചരിത്രത്തിലാദ്യമായാണ് ഒരു മാർപാപ്പ വിശുദ്ധ ഷാർബലിന്റെ ശവകുടീരം സന്ദർശിച്ചു പ്രാർഥിക്കുന്നത്.
തുടർന്ന് ഹാരീസ പട്ടണത്തിലെ പരിശുദ്ധ കന്യാമറിയത്തിന്റെ തീർഥകേന്ദ്രത്തിലെത്തിയ മാർപാപ്പ, മെത്രാന്മാരും വൈദികരും സന്യസ്തരും അല്മായ നേതാക്കളും ഉൾപ്പെട്ട സഭാനേതാക്കളുമായി സംവദിച്ചു. ആയുധങ്ങളുടെ ശബ്ദം ചുറ്റുപാടും മുഴങ്ങുന്പോഴും പ്രത്യാശ കൈവിടാതിരിക്കണമെന്ന് മാർപാപ്പ ഉപദേശിച്ചു.
അന്ധകാരവും അനിശ്ചിതത്വവും നിറയുന്പോൾപോലും വിശ്വാസസ്ഥിരതയുടെ മാതൃകയാണ് പരിശുദ്ധ മറിയമെന്ന് അനുസ്മരിച്ച മാർപാപ്പ, മറിയത്തെ മാതൃകയാക്കാൻ ആഹ്വാനം ചെയ്തു. പ്രധാനപ്പെട്ട മരിയൻ തീർഥാടനകേന്ദ്രം സന്ദർശിക്കുന്പോൾ പതിവുള്ളതുപോലെ അദ്ദേഹം മാതാവിന്റെ തിരുരൂപത്തിനു മുന്നിൽ സ്വർണത്തിൽ തീർത്ത ഒരു റോസാപ്പൂങ്കുല സമർപ്പിച്ചു. ലബനനിൽ സ്ഥാപിക്കുന്ന പുതിയ മാധ്യമകേന്ദ്രത്തിന്റെ മൂലക്കല്ല് മാർപാപ്പ ആശീർവദിക്കുകയും ചെയ്തു.
ലബനനിലെ വത്തിക്കാൻ നൂൺഷ്യേച്ചറിൽ വച്ച് പൗരസ്ത്യ കത്തോലിക്കാ പാത്രിയർക്കീസുമാരുമായി ലെയോ മാർപാപ്പ ചർച്ച നടത്തി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, പൗരസ്ത്യ സഭാ കാര്യാലയ അധ്യക്ഷൻ കർദിനാൾ ക്ലൗദിയോ ഗുജറോത്തി എന്നിവരും മാർപാപ്പയോടൊത്തുണ്ടായിരുന്നു. തുടർന്ന് രാജ്യത്തെ ഓർത്തഡോക്സ് പാത്രിയർക്കീസുമാർ, ക്രൈസ്തവൈക്യത്തിനുവേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ കുർട്ട് കോഹ് എന്നിവരുമായും അദ്ദേഹം ചർച്ച നടത്തി.
ഉച്ചയ്ക്കുശേഷം ബെയ്റൂട്ടിലെ രക്തസാക്ഷികളുടെ ചത്വരത്തിൽവച്ചു നടന്ന എക്യുമെനിക്കൽ-മതാന്തര സമ്മേളനത്തിലും പാത്രിയർക്കൽ മൈതാനിയിൽവച്ചു നടന്ന യുവജന സമ്മേളനത്തിലും ലെയോ മാർപാപ്പ സംബന്ധിച്ചു.
ഇന്നു രാവിലെ ഹോളിക്രോസ് ആശുപത്രി സന്ദർശനത്തിനും ബെയ്റൂട്ട് തുറമുഖത്തിലെ പ്രാർഥനയ്ക്കും ശേഷം പത്തരയ്ക്ക് മാർപാപ്പ ബെയ്റൂട്ട് വാട്ടർഫ്രണ്ടിൽ വിശുദ്ധ കുർബാന അർപ്പിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ അദ്ദേഹം റോമിലേക്കു പോകും.
International
ബെയ്റൂട്ട്: മൂന്നു ദിവസത്തെ തുർക്കി സന്ദർശനത്തിനുശേഷം ഇന്നലെ പ്രാദേശികസമയം വൈകുന്നേരം നാലരയ്ക്ക് ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ റഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ആവേശകരമായ സ്വീകരണം. വിമാനത്താവളത്തിൽ അദ്ദേഹത്തെ ലബനൻ പ്രസിഡന്റ് ജോസഫ് ആഊൻ, വത്തിക്കാൻ നുൻഷ്യോ ആർച്ച്ബിഷപ് ജോസഫ് സ്പിത്തേരി എന്നിവർ ചേർന്നു സ്വീകരിച്ചു.
ഒരു ലബനനീസ് ബാലനും ബാലികയും ചേർന്നു നല്കിയ ഗോതന്പപ്പവും ഉപ്പും മാർപാപ്പ രുചിച്ചുനോക്കി. അതിഥികൾക്ക് അപ്പവും ഉപ്പും നല്കി സ്വീകരിക്കുന്നത് പുരാതനമായ ലബനീസ് പാരന്പര്യമാണ്. വിമാനത്താവളത്തിൽ വച്ചു നല്കപ്പെട്ട ഔദ്യോഗിക സ്വീകരണത്തിൽ ദേശീയഗാനങ്ങൾ ആലപിക്കപ്പെട്ടു. തുടർന്ന് മാർപാപ്പയുടെ വാഹനവ്യൂഹം പ്രസിഡന്റിന്റെ വസതിയിലേക്കു നീങ്ങി. അവിടെവച്ച് അദ്ദേഹം ദേശീയനേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
ഇന്നു രാവിലെ അന്നായയിലെ വിശുദ്ധ മാറൂൺ ആശ്രമത്തിലെ സന്ദർശനം, ലബനീസ് വിശുദ്ധനായ ഷാർബലിന്റെ ശവകുടീരത്തിൽ പ്രാർഥന, ഔർ ലേഡി ഓഫ് ലബനൻ തീർഥകേന്ദ്രത്തിൽവച്ച് അല്മായർ ഉൾപ്പെടെയുള്ള സഭാനേതാക്കളുമായി കൂടിക്കാഴ്ച, നുൺഷ്യേച്ചറിൽവച്ച് മാറോണൈറ്റ് പാത്രിയർക്കീസ് ബെഷാറ ബൂത്രോസ് അൽ റഹിയുമായി ചർച്ച എന്നിവ നടക്കും. ഉച്ചകഴിഞ്ഞ് രക്തസാക്ഷികളുടെ ചത്വരത്തിൽവച്ച് എക്യുമെനിക്കൽ-മതാന്തര സമ്മേളനം, പാത്രിയർക്കൽ മൈതാനിയിൽവച്ച് യുവജനങ്ങളുമായി കൂടിക്കാഴ്ച എന്നീ പരിപാടികളുണ്ട്.
നാളെ രാവിലെ ഹോളിക്രോസ് ആശുപത്രി സന്ദർശനത്തിനും ബെയ്റൂട്ട് തുറമുഖത്തിൽ പ്രാർഥനയ്ക്കും ശേഷം പത്തരയ്ക്ക് ബെയ്റൂട്ട് വാട്ടർഫ്രണ്ടിൽ വിശുദ്ധ കുർബാന അർപ്പിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലിന് വിമാനത്താവളത്തിൽ യാത്രയയപ്പ്. നാളെ വൈകുന്നേരത്തോടെ മാർപാപ്പ റോമിൽ തിരിച്ചെത്തും.
International
ഇസ്നിക്(തുർക്കി): ക്രിസ്ത്യൻ പാരന്പര്യത്തിന്റെ ഈറ്റില്ലമായിരുന്ന വടക്കൻ തുർക്കിയിലെ ബർസ പ്രവിശ്യയിൽപ്പെട്ട ഇസ്നികിൽ (പഴയ നിഖ്യാ) എക്യുമെനിക്കൽ പ്രാർഥനയിൽ പങ്കുചേർന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഇസ്നിക് തടാക തീ രത്തെ അതിപുരാതനമായ വിശുദ്ധ നെഫിതോസ് ബസിലിക്കയുടെ അവശിഷ്ടങ്ങൾക്കു സമീപം സജ്ജമാക്കിയ പ്ലാറ്റ്ഫോമിലായിരുന്നു ചരിത്രപരമായ പ്രാർഥന.
സഭാചരിത്രത്തിലെ നിർണായകമായ നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികം പ്രമാണിച്ചു സംഘടിപ്പിച്ച പ്രാർഥനയിൽ കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമൻ ഉൾപ്പെടെ വിവിധ ക്രിസ്ത്യൻ സഭകളിൽനിന്നുള്ള 20 പ്രമുഖർ മാർപാപ്പയ്ക്കൊപ്പം പങ്കെടുത്തു.
നൈസിയൻ-കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണം ഒരുമിച്ചു ചൊല്ലിയാണ് പ്രാർഥന അവസാനിച്ചത്. നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികം പ്രമാണിച്ചു നിഖ്യാ സന്ദർശിച്ചു പ്രാർഥിക്കുകയെന്ന ഫ്രാൻസിസ് മാർപാപ്പയുടെ തീവ്രമായ ആഗ്രഹം പിൻഗാമിയായ ലെയോ മാർപാപ്പയിലൂടെ നിറവേറപ്പെട്ടു. ഇസ്താംബൂളിൽനിന്ന് അര മണിക്കൂർ നീണ്ട ഹെലികോപ്റ്റർ യാത്രയ്ക്കൊടുവിലാണ് മാർപാപ്പയും സംഘവും ഇസ്നിക്കിലെത്തിയത്. പ്രാർഥനയ്ക്കുശേഷം ഇസ്താംബൂളിലേക്കു മടങ്ങി.
ഇന്നലെ രാവിലെ ഇസ്താംബൂളിലെ ഹോളി സ്പിരിറ്റ് കത്തീഡ്രലിൽ ബിഷപ്പുമാർ, വൈദികർ, സന്യസ്തർ, ഡീക്കന്മാർ, അല്മായ പ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ മാർപാപ്പ അവർക്കൊപ്പം പ്രാർഥനയിലും പങ്കെടുത്തു. തുടർന്ന് ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദ പുവർ സന്യാസിനീസമൂഹത്തിന്റെ നഴ്സിംഗ് ഹോം സന്ദർശിച്ച് സന്യാസിനിമാരുമായി കൂടിക്കാഴ്ച നടത്തി.
ഇന്നു രാവിലെ ഇസ്താംബൂളിലെ ബ്ലൂ മോസ്ക് എന്നറിയപ്പെടുന്ന സുൽത്താൻ അഹമ്മദ് മോസ്ക് സന്ദർശിക്കുന്ന മാർപാപ്പ തുടർന്ന് മോർ എഫ്രേം സിറിയക് ഓർത്തഡോക്സ് പള്ളിയിൽ പ്രദേശത്തെ ക്രിസ്ത്യൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
വൈകുന്നേരം കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസിന്റെ ആസ്ഥാന ദേവാലയമായ സെന്റ് ജോർജ് പാത്രിയാർക്കൽ പള്ളിയിൽ പ്രാർഥനയിൽ പങ്കെടുക്കും. തുടർന്ന് പാത്രിയാർ ക്കീസിന്റെ വസതിയിൽ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമനുമായി കൂടിക്കാഴ്ച.
സംയുക്ത പ്രഖ്യാപനത്തിൽ ഇരുവരും ഒപ്പിടും. ഇസ്താംബൂളിലെ ഫോ ക്സ്വാഗെൻ അരീനയിൽ നടക്കുന്ന വിശുദ്ധ കുർബാനയോടെ ഇന്നത്തെ സന്ദർശന പരിപാടികൾ സമാപിക്കും. വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്റെ തിരുനാൾദിനമായ നാളെ രാവിലെ അർമേനിയൻ അപ്പസ്തോലിക് കത്തീഡ്രലിലും സെന്റ് ജോർജ് പാത്രിയാർക്കൽ പള്ളിയിലും പ്രാർഥനയിൽ പങ്കെടുക്കുന്ന മാർപാപ്പ ഉച്ചകഴിഞ്ഞ് ബെയ്റൂട്ടിലേക്കു പോകും.
International
അങ്കാറ: ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ലെയോ പതിനാലാമൻ മാർപാപ്പ തുർക്കിയുടെ മണ്ണിൽ കാലുകുത്തി. സഭാതലവനായശേഷം ലെയോ മാർപാപ്പയുടെ പ്രഥമ അപ്പസ്തോലിക സന്ദർശനമാണിത്.
പ്രാദേശികസമയം ഇന്നലെ രാവിലെ 7.58ന് റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു യാത്ര പുറപ്പെട്ട മാർപാപ്പയെയും വഹിച്ച് ഇറ്റലിയുടെ ഈറ്റാ എയർവേസ് വിമാനം ഉച്ചയ്ക്ക് 12 ഓടെ തുർക്കി തലസ്ഥാനമായ അങ്കാറയിലെ എസെൻബോഗ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
ഇറ്റലി, ക്രോയേഷ്യ, ബോസ്നിയ-ഹെർസെഗോവ്ന, മൊണ്ടെനേഗ്രോ, സെർബിയ, ബൾഗേറിയ എന്നീ രാജ്യങ്ങൾക്കു മുകളിലൂടെയാണ് മാർപാപ്പ സഞ്ചരിച്ച വിമാനം യാത്ര ചെയ്തത്. യാത്രയിൽ താൻ കടന്നുപോകുന്ന രാജ്യങ്ങളുടെ തലവന്മാർക്ക് അഭിവാദ്യങ്ങൾ അറിയിച്ച് മാർപാപ്പ സന്ദേശങ്ങളയച്ചു.
വിമാനത്താവളത്തിൽ മാർപാപ്പയെ മന്ത്രിമാരുൾപ്പെട്ട ഭരണകൂട നേതൃത്വവും സൈനികരും ചേര്ന്ന് സ്വീകരിച്ചു. തുടർന്ന് വാഹനവ്യൂഹത്തിന്റെ അകന്പടിയോടെ പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തി. പ്രസിഡന്റ് ത്വയിബ് എർദോഗൻ കൊട്ടാരത്തിനു പുറത്തെത്തി മാർപാപ്പയെ വരവേറ്റു. പിന്നാലെ ആചാരപരമായ ഔദ്യോഗിക സ്വീകരണം നൽകപ്പെട്ടു. അശ്വാരൂഢസേനയുടെ അകമ്പടിയോടെയുള്ള സ്വീകരണത്തിൽ ദേശീയ ഗാനമാലപിക്കുകയും 21 പീരങ്കി വെടി മുഴങ്ങുകയും ചെയ്തു. പിന്നീട് ഇരുവരും ഹ്രസ്വ കൂടിക്കാഴ്ച നടത്തി. ഉച്ചകഴിഞ്ഞ് 3.30ന് രാജ്യത്തെ രാഷ് ട്രീയ നേതൃത്വവും പൊതുസമൂഹവും തുർക്കിയിലേക്കുള്ള നയതന്ത്രജ്ഞരും ഉൾപ്പെടെയുള്ളവരു മായി മാർപാപ്പ കൂടിക്കാഴ്ച നടത്തി.
തുർക്കി രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റുമായ മുസ്തഫ കെമാൽ അറ്റാതുർക്കിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന സ്മാരകമന്ദിരം സന്ദര്ശനമായിരുന്നു മാർപാപ്പയുടെ ആദ്യ ഔദ്യോഗിക പരിപാടി.
ഇന്ത്യന് സമയം ഉച്ചകഴിഞ്ഞ് 3.55ന് ശവകുടീരത്തിലെത്തിയ മാർപാപ്പ പുഷ്പചക്രം സമര്പ്പിച്ചു. തുർക്കി സന്ദർശിക്കാൻ കഴിഞ്ഞതിന് ദൈവത്തിന് നന്ദി പറയുന്നുവെന്നും ഈ രാജ്യത്തിനും ഇവിടത്തെ ജനങ്ങൾക്കും സമാധാനത്തിനും ഐശ്വര്യത്തിനുമായും ഞാൻ പ്രാർഥിക്കുന്നുവെന്നും സന്ദർശക രജിസ്റ്ററിൽ മാർപാപ്പ കുറിച്ചു.
മന്ത്രിമാർ, വൈസ് ഗവർണർ എന്നിവരുൾപ്പെട്ട ഔദ്യോഗിക പ്രതിനിധിസംഘവും മാർപാപ്പയെ അനുഗമിച്ചു. തുടർന്ന് പ്രസിഡൻഷൽ കൊട്ടാരത്തിൽ തിരികെയെത്തിയ മാർപാപ്പ പ്രസിഡന്റ് ത്വയിബ് എർദോഗനുമായി കൂടിക്കാഴ്ച നടത്തിയശേഷം വിമാനമാർഗം ഇസ്താംബൂളിലേക്കു പോയി.
ഇന്നു രാവിലെ ഇസ്താംബൂളിലെ ഹോളി സ്പിരിറ്റ് കത്തീഡ്രലിൽ ബിഷപ്പുമാർ, വൈദികർ, സന്യസ്തർ, ഡീക്കന്മാർ, അല്മായ പ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദ പുവർ സന്യാസിനീസമൂഹത്തിന്റെ നഴ്സിംഗ് ഹോമും മാർപാപ്പ സന്ദർശിക്കും. തുടർന്ന് ഹെലികോപ്റ്ററിൽ ഇപ്പോൾ ഇസ്നിക് എന്നറിയപ്പെടുന്ന നിഖ്യായിലേക്ക് പോകും.
അവിടെ പുരാതനമായ വിശുദ്ധ നെഫിതോസ് ബസിലിക്കയുടെ അവശിഷ്ടങ്ങൾക്കു സമീപം നടക്കുന്ന എക്യുമെനിക്കൽ പ്രാർഥനയിൽ പങ്കെടുക്കും. തുടർന്ന് ഇസ്താംബൂളിലേക്ക് മടങ്ങുന്ന മാർപാപ്പ അവിടെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തും. തുർക്കി സന്ദർശനം പൂർത്തിയാക്കി ഞായറാഴ്ച ലബനനിലേക്കു പോകും.
നേരത്തേ വിമാനത്തില് മാധ്യമപ്രവര്ത്തകരുമായി സംസാരിക്കവേ അപ്പസ്തോലിക യാത്രയെ "ചരിത്ര നിമിഷം' എന്നാണു മാർപാപ്പ വിശേഷിപ്പിച്ചത്. ലോകമെമ്പാടും സമാധാനം പ്രധാനമാണെന്നു പ്രഖ്യാപിക്കാനും എല്ലാ ആളുകളെയും ഐക്യത്തിലേക്കും സാഹോദര്യത്തിലേക്കും ക്ഷണിക്കാനും യാത്ര മുതല്ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മാർപാപ്പ പറഞ്ഞു.
ക്രിസ്ത്യൻ, മുസ്ലിം വിശ്വാസത്തിലുള്ളവർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരമായാണ് ഈ യാത്രയെ കാണുന്നതെന്നും മാർപാപ്പ സൂചിപ്പിച്ചു.
International
വത്തിക്കാൻ സിറ്റി: ലോകരാഷ്ട്രങ്ങളുടെ നേതാക്കൾ പാവങ്ങളുടെ നിലവിളി കേൾക്കണമെന്നും നീതികൂടാതെ സമാധനമുണ്ടാകില്ലെന്നാണ് അവരുടെ നിലവിളി ഓർമിപ്പിക്കുന്നതെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
പാവങ്ങളുടെ ലോകദിനത്തോട് അനുബന്ധിച്ച് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനയ്ക്കിടെ സുവിശേഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വിശുദ്ധ കുർബാനയിൽ ആറായിരത്തിലേറെ വിശ്വാസികൾ പങ്കെടുത്തു. വിശുദ്ധ കുർബാനയ്ക്കു മുന്പ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തിങ്ങിക്കൂടിയ തീർഥാടക സഹസ്രങ്ങളെ മാർപാപ്പ അഭിവാദ്യം ചെയ്യുകയുണ്ടായി.
തന്റെ ദിലെക്സി തെ എന്ന ശ്ലൈഹികപ്രബോധനത്തിൽനിന്ന് ഉദ്ധരിച്ചുകൊണ്ട് സഭ പാവങ്ങളുടെ അമ്മയാണെന്നും സകലരെയും സ്വാഗതം ചെയ്യുന്ന സഭയിൽ പാവങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും മാർപാപ്പ പറഞ്ഞു. നമ്മുടെ ഈ ലോകത്തെ ദാരിദ്ര്യത്തിന്റെ വിവിധ ഭാവങ്ങൾ ഭാരപ്പെടുത്തുന്നുണ്ട്. ഭൗതികവസ്തുക്കളുടെ കുറവ് മാത്രമല്ല ദാരിദ്ര്യം.
ധാർമികവും ആത്മീയവുമായ ദാരിദ്ര്യമുണ്ട്. യുവജനങ്ങളുടെ കാര്യത്തിൽ ഇത്തരം ദാരിദ്ര്യം കൂടുതൽ പ്രകടമാണ്. അനേകം പേർ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ പ്രശ്നം പരിഹരിക്കാൻ അപരനെ ശ്രദ്ധിക്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കണം. അങ്ങനെ ഒറ്റപ്പെടലിന്റെ ചുമരുകൾ തകർക്കാൻ സാധിക്കും. മറ്റുള്ളവരെ ശ്രദ്ധിച്ചുകൊണ്ട് ഒരോരുത്തരും ആയിരിക്കുന്ന ഇടങ്ങളിൽ ദൈവത്തിന്റെ കാരുണ്യം പങ്കുവയ്ക്കുന്നവരാകണം ക്രൈസ്തവരെന്ന് മാർപാപ്പ ഓർമിപ്പിച്ചു.
മനുഷ്യവംശത്തെ നിസ്സഹായാവസ്ഥയിലാക്കുന്ന വിധത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധസാഹചര്യം നിലനിൽക്കുന്നതായി മാർപാപ്പ പറഞ്ഞു. ഈ അവസ്ഥയെ ദാരിദ്ര്യത്തിന്റെ അനിവാര്യതയായി കാണുന്പോൾ, ഇത്തരം ഘട്ടങ്ങളിലാണ് ചരിത്രത്തിന്റെ നാഥനായ കർത്താവ് രക്ഷിക്കാനായി എത്തുന്നതെന്ന് സുവിശേഷം ഓർമിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്നേഹപ്രവർത്തനങ്ങളിൽ സംതൃപ്തരായി കഴിയുന്ന എല്ലാവരെയും പ്രത്യേകിച്ച് വോളന്റിയർമാരെ മാർപാപ്പ നന്ദിപൂർവം അനുസ്മരിച്ചു. പാവങ്ങളോട് സഭയ്ക്കുള്ള ഐക്യദാർഢ്യവും മാർപാപ്പ പ്രഖ്യാപിച്ചു. സകലരുടെയും സാഹോദര്യവും മാഹാത്മ്യവും അംഗീകരിക്കപ്പെടുന്ന കൂട്ടായ്മയുടെ ഒരന്തരീക്ഷം സംജാതമാക്കിക്കൊണ്ട് ദൈവരാജ്യം സാക്ഷാത്കരിക്കാൻ അദ്ദേഹം എല്ലാ ക്രൈസ്തവരെയും ആഹ്വാനം ചെയ്തു.
NRI
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് സമ്മാനമായി കുതിരയെ ലഭിച്ചു. പോളണ്ടിലെ കൊഒബ്രെസെഗ് ബുഡിസ്റ്റോവോയിലുള്ള മിചാൽസ്കി സ്റ്റഡ് ഫാം ഉടമ ആന്ദ്രെ മിചാൽസ്കിയാണ് വെളുത്ത അറേബ്യൻ കുതിരയെ മാർപാപ്പയ്ക്കു സമ്മാനമായി നൽകിയത്.
മാർപാപ്പ പെറുവിൽ മിഷണറിയായിരിക്കെ കുതിരപ്പുറത്തു കയറി നിൽക്കുന്ന ചിത്രം കണ്ടതോടെ അത്തരമൊരു കുതിരയെ സമ്മാനിക്കാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്ന് മിചാൽസ്കി പറഞ്ഞു. മാർപാപ്പയുടെ ളോഹയോടു സാമ്യം പുലർത്താനാണു വെളുത്ത കുതിരയെ സമ്മാനത്തിനായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുതിരകളുടെ ബ്രീഡിംഗ്, പരിശീലനം തുടങ്ങിയവയ്ക്കൊപ്പം പന്തയക്കുതിരകളും മിചാൽസ്കിയുടെ ഫാമിലുണ്ട്. കഴിഞ്ഞമാസം ഇലക്ട്രിക് കാറും വെള്ള ബൈക്കും മാർപാപ്പയ്ക്കു സമ്മാനമായി ലഭിച്ചിരുന്നു.
NRI
വത്തിക്കാൻ സിറ്റി: എഴുപതാം ജന്മവാർഷിക ദിനത്തിൽ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ലോകമെങ്ങുംനിന്ന് ആശംസകൾ. ലോകനേതാക്കൾ, വിവിധ രാജ്യങ്ങളിലെ ബിഷപ്സ് കോൺഫറൻസുകൾ, ഇതര സഭാ മേലധ്യക്ഷന്മാർ, വിവിധ മേഖലകളിലുള്ള നേതാക്കൾ, വിശ്വാസികൾ എന്നിവരാണ് ആശംസകളറിയിച്ചു സന്ദേശമയച്ചത്.
ഇറ്റലിയിലെ എല്ലാ ജനങ്ങൾക്കുംവേണ്ടിയും സ്വന്തം പേരിലും മാർപാപ്പയ്ക്ക് ആത്മാർഥമായ ആശംസകളും ആത്മീയവും വ്യക്തിപരവുമായ ക്ഷേമവും നേരുന്നതായി ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാത്തറെല്ല സന്ദേശത്തിൽ പറഞ്ഞു. ലോകസമാധാനത്തിനായി മാർപാപ്പ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി കുട്ടികളും മാർപാപ്പയ്ക്ക് ആശംസാ കത്തയച്ചു.
റോമിലെ ഉണ്ണീശോ പീഡിയാട്രിക് ആശുപത്രിയിലെ രോഗികളായ കുട്ടികൾ ആശംസാസന്ദേശങ്ങളുമായി തങ്ങൾ ചെയ്ത പെയിന്റിംഗുകൾ മാർപാപ്പയ്ക്ക് അയച്ചുകൊടുത്തു. മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിലെ ഷിക്കാഗോയിലും ഏറെക്കാലം മിഷനറിയും ബിഷപ്പുമായിരുന്ന പെറുവിലും ജന്മദിനത്തോടനുബന്ധിച്ച് ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാലജപപ്രാർഥനയിൽ പങ്കെടുക്കാനെത്തിയ തീർഥാടകർ മാർപാപ്പയ്ക്ക് ആശംസകൾ നേർന്നു. 70 എന്നെഴുതിയ അലങ്കാര ബലൂണുകളുമായി എത്തിയ തീർഥാടകരെയും കാണാമായിരുന്നു. പ്രാർഥനയ്ക്കായി മാർപാപ്പ എത്തിയതോടെ തീർഥാടകരുടെ"ഹാപ്പി ബർത്ത് ഡേ’ ആശംസകൾ മുഴങ്ങി.
NRI
ഡാർവിൻ: സെന്റ് അൽഫോൻസാ സീറോമലബാർ ഇടവകയിലെ മതബോധന വിദ്യാർഥികൾ തയാറാക്കിയ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കുള്ള ജന്മദിന കാർഡുകൾ അപ്പസ്തോലിക് നൺസിയോ ആർച്ച്ബിഷപ് ചാൾസ് ബാൽവൊക്ക് കൈമാറി.
ഇടവക സന്ദർശന വേളയിലാണ് ഈ മാസം 14ന് ജന്മദിനം ആഘോഷിക്കുന്ന മാർപാപ്പയ്ക്കുള്ള കാർഡുകൾ കൈമാറിയത്. മതബോധന വിഭാഗം പ്രിൻസിപ്പൽ ജീൻ വർഗീസ്, വൈസ് പ്രിൻസിപ്പൽ ജിസ് എമിൽ എന്നിവരാണ് കാർഡുകൾ കൈമാറിയത്.
ചടങ്ങിൽ ഡാർവിൻ രൂപത മെത്രാൻ ബിഷപ് ചാൾസ് ഗൗച്ചി, വികാരി റവ.ഡോ. ജോൺ പുതുവ എന്നിവർ സന്നിഹിതരായിരുന്നു.
NRI
വത്തിക്കാൻ സിറ്റി: 2025 പ്രത്യാശയുടെ ജൂബിലിവർഷാചരണത്തോടനുബന്ധിച്ചുള്ള തീർഥാടനത്തിനായി വത്തിക്കാനിലെത്തി തടവുകാരും. വെനീസിലെ സാന്താ മാരിയ മജോരെ ജയിലിലെ മൂന്നു തടവുകാരാണ് പ്രത്യേക അനുമതിയോടെ കാൽനടയായി വത്തിക്കാനിലെത്തിയത്.
വെനീസ് പാത്രിയാർക്കീസും ജയിലിന്റെ ചാപ്ലയിനുമായ ആർച്ച്ബിഷപ് ഫ്രാഞ്ചെസ്കോ മൊറാല്യ ഉള്പ്പെടെയുള്ളവര് ഇവരെ അനുഗമിച്ചിരുന്നു. തീർഥാടകസംഘത്തെ ലെയോ പതിനാലാമൻ മാർപാപ്പ സ്വീകരിച്ചു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധ വാതിൽ കടന്ന തടവുകാര്, മാർപാപ്പയെ സന്ദർശിച്ച് തങ്ങളുടെ ആത്മീയ സന്തോഷം പങ്കുവച്ചു. വെനീസിൽനിന്നു കൊണ്ടുവന്ന ഏതാനും സമ്മാനങ്ങളും തടവുപുള്ളികള് മാർപാപ്പയ്ക്കു നൽകി.
തികച്ചും സൗഹാർദപരമായിരുന്നു മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയെന്നും അദ്ദേഹം ഒരു സുഹൃത്തെന്ന നിലയിൽ തങ്ങളോടു സംസാരിച്ചുവെന്നും വിവിധ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞുവെന്നും തടവുകാർ പറഞ്ഞു.
ഏകദേശം 20 വർഷം മുന്പ് താൻ വെനീസിൽ ഉണ്ടായിരുന്നപ്പോഴുള്ള അനുഭവങ്ങൾ മാർപാപ്പ പങ്കുവച്ചു. ശിക്ഷാകാലാവധി കഴിഞ്ഞു നിയമപ്രകാരം മടങ്ങാനുള്ള തയാറെടുപ്പിനിടെയാണ് മൂന്നു തടവുകാരും വത്തിക്കാനിലേക്കു കാൽനടയായി തീർഥാടനം നടത്തിയത്.
റോമിലുള്ള മറ്റു ബസിലിക്കകളിലും സംഘം തീർഥാടനം നടത്തി.
NRI
വത്തിക്കാൻ സിറ്റി: സമൂഹമാധ്യമങ്ങളുടെ കാലമാണെങ്കിലും ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു ദിവസേന തപാൽമുഖേന ലഭിക്കുന്നത് 100 കിലോ വരുന്ന കത്തുകൾ.
എല്ലാ രാജ്യങ്ങളിൽനിന്നും കത്തുകൾ ലഭിക്കാറുണ്ടെന്നും ഏതു രാജ്യത്തുനിന്നാണ് കൂടുതൽ കത്തുകൾ ലഭിക്കുന്നതെന്നു പരിശോധിച്ചിട്ടില്ലെന്നും ഇറ്റാലിയൻ തപാൽ സർവീസിന്റെ റോമിലെ ഫ്യുമിചീനോ സോർട്ടിംഗ് സെന്റർ മേധാവി അന്റോണെല്ലോ ചിദിചിമോ പറഞ്ഞു.
മാർപാപ്പയ്ക്കുള്ള കത്തുകളും പോസ്റ്റ്കാർഡുകളും ഫ്യുമിചീനോ സോർട്ടിംഗ് സെന്ററിൽ സുരക്ഷാപരിശോധനയ്ക്കു വിധേയമാക്കുകയും കംപ്യൂട്ടർ നിയന്ത്രിത റെക്കോർഡിംഗ്, വെയിംഗ് മെഷീൻ ഉപയോഗിച്ച് പ്രോസസ് ചെയ്യുകയും ചെയ്യുന്നു.
തുടർന്ന് വത്തിക്കാനിലെ വിതരണ കേന്ദ്രത്തിൽ എത്തിച്ചു കൈമാറും. മാർപാപ്പ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ കുട്ടികൾ കത്തുകളും കുറിപ്പുകളും ചിത്രങ്ങളും അദ്ദേഹത്തിന് കൈമാറാറുണ്ട്.
മാർപാപ്പ റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലായിരിക്കെ രോഗവിവരങ്ങൾ തേടി കുട്ടികളുടേതടക്കം ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുമായി ദിവസേന നൂറുകണക്കിന് കത്തുകളാണ് ലഭിച്ചിരുന്നത്.
NRI
വത്തിക്കാൻ സിറ്റി: യുദ്ധത്തിന്റെ ദുരന്തം പരിഹരിക്കാനാകാത്ത വിപത്തായി മാറുന്നതിനുമുന്പ് അത് അവസാനിപ്പിക്കാൻ രാജ്യാന്തരസമൂഹത്തോട് അഭ്യർഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
ഇന്ന് എക്കാലത്തേക്കാളും കൂടുതലായി മാനവരാശി സമാധാനത്തിനായി കേഴുകയും യാചിക്കുകയും ചെയ്യുന്നുവെന്നും ത്രികാലജപ പ്രാർഥനയ്ക്കുശേഷം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തു മാർപാപ്പ പറഞ്ഞു.
ആയുധങ്ങളുടെ ഗർജനത്താലോ സംഘർഷത്തിനു പ്രേരിപ്പിക്കുന്ന പ്രസ്താവനകളാലോ ഈ ആഹ്വാനത്തെ മുക്കിക്കളയരുതെന്ന് അഭ്യർഥിച്ച മാർപാപ്പ, ഇറാനിലെ ആണവകേന്ദ്രങ്ങൾക്കു നേരേ അമേരിക്ക നടത്തിയ ആക്രമണം ആശങ്കപ്പെടുത്തുന്നതാണെന്നും പറഞ്ഞു.
യുദ്ധം പ്രശ്നങ്ങൾക്കു പരിഹാരമല്ല. ഒരു സായുധ വിജയത്തിനും ഒരു അമ്മയുടെ ദുഃഖത്തെയോ ഒരു കുട്ടിയുടെ ഭയത്തെയോ അല്ലെങ്കിൽ തകർക്കപ്പെട്ട ഭാവിയെയോ നികത്താൻ കഴിയില്ല.
നയതന്ത്രം ആയുധങ്ങളെ നിശബ്ദമാക്കട്ടെ. രാഷ്ട്രങ്ങൾ അവരുടെ ഭാവി രൂപപ്പെടുത്തുന്നത് അക്രമത്തിലൂടെയും രക്തരൂഷിത സംഘർഷങ്ങളിലൂടെയുമാകാതെ സമാധാന പ്രവർത്തനങ്ങളിലൂടെയാകട്ടെ - മാർപാപ്പ പറഞ്ഞു.